നെടുങ്കണ്ടം: മലവെള്ളപ്പാച്ചിലില്‍ ഉപജീവനമാര്‍ഗമായിരുന്ന ട്രാവലര്‍ നഷ്ടപ്പെട്ട റെജിക്ക് പുതിയ വാഹനം വാങ്ങിനല്‍കി സുഹൃത്തുക്കള്‍. കഴിഞ്ഞ 18ന് ഉണ്ടായ വെള്ളപ്പൊക്കത്തില്‍ മുണ്ടിയെരുമ എളംതറയില് റെജിക്ക് നഷ്ടമായത് 17 സീറ്റര്‍ ട്രാവലറാണ്.
റെജിക്കൊപ്പം ഡ്രൈവര്‍മാരായ സന്തോഷിനും അപ്പുവിനും ഇല്ലാതെയായത് ഉപജീവന മാര്‍ഗമാണ്. ഫിനാന്‍സ് വ്യവസ്ഥയില്‍ റെജി വാങ്ങിയ ഈ വാഹനത്തിന് ഇനിയും അഞ്ച് ലക്ഷം രൂപയോളം തിരിച്ചടയ്ക്കാനുണ്ട്.
മാധ്യമവാര്‍ത്തകളിലൂടെ സംഭവം അറിഞ്ഞ സുഹൃത്തുക്കള്‍ റെജിയെ സഹായിക്കാനെത്തി. ബംഗളൂരുവിൽ ഐടി കമ്പനി ജീവനക്കാരായ കണ്ണൂര്‍ സ്വദേശികളായ സുബിന്, അഞ്ജലി എന്നിവരും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മറ്റൊരാളും ചേര്‍ന്ന് റെജിക്ക് പുതിയ ട്രാവലര്‍ സമ്മാനിച്ചു.